ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ വണങ്ങിയത് ഒരു ലക്ഷത്തിലധികം ഭക്തർ: ഇക്കൊല്ലത്തെ അമർനാഥ് യാത്ര റെക്കോർഡ് തിരുത്തി
ജമ്മു : 2024 ലെ അമർനാഥ് യാത്ര പുതിയ റെക്കോർഡുകൾ കീഴടക്കുന്നു. ജൂൺ 29 ന് യാത്ര ആരംഭിച്ച് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ പുണ്യക്ഷേത്രം സന്ദർശിച്ചു.
ഇക്കൊല്ലം യാത്രയുടെ അഞ്ചാം ദിവസമായ ജൂലൈ 3 നു മാത്രം രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും 30,586 തീർത്ഥാടകർ ബാൽട്ടൽ, നുൻവാൻ-പഹൽഗാം എന്നീ ഇരട്ടപ്പാതകളിൽ കൂടി അമർനാഥ് ഗുഹയിൽ ദർശനം നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം തീർത്ഥാടനത്തിന്റെ പത്താം ദിവസമായിരുന്നു തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നത്. ഈ വർഷം തീർത്ഥാടകരുടെ സംഖ്യ ആദ്യ ദിനങ്ങളിൽ തന്നെ കുതിച്ചുയർന്നു, അഞ്ച് ദിവസത്തിനുള്ളിൽ മൊത്തം 1,05,282 ൽ എത്തി. ഇത് മുമ്പത്തെ എല്ലാ റെക്കോർഡുകളും മറികടക്കുന്ന സംഖ്യയാണ്.
അമർനാഥ് ഗുഹയിലേക്കുള്ള രണ്ട് വഴികളിലും തീർഥാടകരുടെ സുരക്ഷയ്‌ക്കായി ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് കനത്ത സുരക്ഷയിൽ യാത്ര ആരംഭിച്ചത്. കൂടാതെ ലഖൻപൂർ മുതൽ വിശുദ്ധ അമർനാഥ് ഗുഹ വരെ വിവിധ മത സംഘടനകൾ 132 ലധികം സൗജന്യ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ചിട്ടുണ്ട്.
52 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം, രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കുന്ന ശ്രാവണ പൂർണ്ണിമയുടെ ശുഭ മുഹൂർത്തത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് സമാപിക്കും.















