കടലൂർ : കള്ളക്കുറിച്ചിയിൽ അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ തുടർപരിശോധനകളിൽ 2,000 ലിറ്റർ മെഥനോൾ പിടിച്ചെടുത്തു.2024 ജൂലൈ 4 വ്യാഴാഴ്ച, ക്രൈംബ്രാഞ്ച്-സിഐഡി കടലൂർ ജില്ലയിലെ പൻരുട്ടിക്കടുത്ത് വീരപെരുമാനല്ലൂരിലെ ഉപയോഗിക്കാത്ത പെട്രോൾ ബങ്കിൽ നിന്നാണ് വ്യാവസായിക രാസവസ്തുവായ 2,000 ലിറ്റർ മെഥനോൾ പിടിച്ചെടുത്തത്.
68 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചിയിലെ കരുണാപുരത്തെ വിഷമദ്യ ദുരന്തത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന മാദേഷിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് 2000 ലിറ്റർ മെഥനോൾ പിടികൂടിയതെന്ന് സിബി-സിഐഡി അറിയിച്ചു. കള്ളക്കുറിച്ചിയിലെ കള്ളക്കച്ചവടക്കാർക്ക് മെഥനോൾ നൽകിയത് മാദേഷാണെന്ന് സംശയിക്കുന്നു.
ചില കെമിക്കൽ കമ്പനികളിൽ നിന്നും വിതരണക്കാരിൽ നിന്നും 11 ബാരൽ മെഥനോൾ വാങ്ങിയെന്നും അതിൽ 3 ബാരൽ മെഥനോൾ വെള്ളത്തിൽ കലർത്തി 11 ബാരൽ മദ്യമാക്കി മാറ്റി നൽകി എന്നും അതിൽ നിന്നാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സംഭവിച്ചത് എന്നും മാദേഷ് കുറ്റസമ്മതം നടത്തിയിരുന്നു . ശേഷിക്കുന്ന 8 ബാരലുകൾ വിൽക്കാതെ അവശേഷിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
3 ബാരൽ മദ്യം മാത്രം കഴിച്ച് 68 പേർ മരിക്കുകയും 200 പേരെ ബാധിക്കുകയും ചെയ്തു. ബാക്കിയുള്ള 8 ബാരൽ മീഥേൻ പരിവർത്തനം ചെയ്ത് വിറ്റിരുന്നെങ്കിൽ 1000-ലധികം ആളുകളെ ബാധിക്കുമായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്















