പെരുമ്പാമ്പ് വിഴുങ്ങിയ 36-കാരിയുടെ ശരീരം പാമ്പിന്റെ വായിൽ നിന്നും പുറത്തെടുത്ത് ഭർത്താവ്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് അതിദാരുണമായ സംഭവം. 30 അടി നീളമുള്ള പെരുമ്പാമ്പാണ് യുവതിയെ വിഴുങ്ങിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. സഹോദരനെ സന്ദർശിക്കാനായി വനത്തിലൂടെ നടന്ന് പോകുന്നതിനിടെ 36-കാരിയുടെ കണങ്കാലിൽ പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ യുവതിയെ പാമ്പ് ചുറ്റിപ്പിടിച്ച് വിഴുങ്ങുകയായിരുന്നുവെന്നാണ് നിഗമനം.
യുവതി വീട്ടിലെത്തിയില്ലെന്ന് സഹോദരൻ വിളിച്ചറിയച്ചതോടെ ഭർത്താവ് ഇവരെ അന്വേഷിച്ചിറങ്ങുകയായിരുന്നു. വഴിയിൽ, പുല്ലിനിടയിൽ യുവതിയുടെ ചെരുപ്പുകൾ ഭർത്താവ് കണ്ടെത്തി. സമീപത്തായി പെരുമ്പാമ്പിനെയും ഇയാൾ കണ്ടു. ഇതിനിടയിൽ പാമ്പിന്റെ വായിൽ നിന്ന് കാലുകൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ മരത്തടി കൊണ്ട് പാമ്പിനെ അടിച്ച കൊന്ന ശേഷം അതിന്റെ വായ പൊളിച്ചാണ് ഭാര്യയുടെ ചേതനയറ്റ ശരീരം പുറത്തെടുത്തത്. ശരീരത്തിൽ മുറിവേറ്റ പാടുകളില്ലെങ്കിലും എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.















