മലപ്പുറം:പുഴു നിറഞ്ഞ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കോട്ടക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. വളാഞ്ചേരി സ്വദേശി ജിഷാദ് നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ വിധിപുറപ്പെടുവിച്ചത്.
പരാതിക്കാരൻ, ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയത്. വിളമ്പിയ കോഴിയിറച്ചി മകൾക്ക് നൽകാനായി ചെറിയ കഷ്ണങ്ങൾ ആക്കിയപ്പോഴാണ് അതിനകത്തുള്ള പുഴുവിനെ കണ്ടത്. ഉടൻ തന്നെ ഹോട്ടൽ അധികൃതരെ കാണിച്ചെങ്കിലും പരാതിക്കാരനോട് ഇവർ അപമര്യാദയോടെയാണ് പെരുമാറിയത്.
തുടർന്നാണ്, ജിഷാദ് കോട്ടയ്‌ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നൽകിയത്. മുനിസിപ്പൽ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പരാതിയിൽ, അഴുകിയ ഭക്ഷണമാണ് വിളമ്പിയതെന്ന് കണ്ടെത്തിയ കമ്മീഷൻ 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാനാണ് വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം പിഴ അടക്കാതിരുന്നാൽ പരാതി തീയതി മുതൽ 12% പലിശയും നൽകണമെന്ന് കോടതി അറിയിച്ചു.















