എറണാകുളം: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമയായ കെ ഡി പ്രതാപൻ അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് ശേഷം ഇഡി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
കേസിൽ കെ ഡി പ്രതാപൻ ഭാര്യ ശ്രീന എന്നിവരാണ് പ്രതികൾ. ഹൈറിച്ചിന്റെ സ്വത്തുക്കൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. ഹൈറിച്ച് ഉടമകൾ, പ്രമോട്ടർമാർ, ലീഡേഴ്സ് എന്നിവരുടെ 260 കോടി രൂപ മൂല്യമുള്ള സ്വത്ത് വകകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി മരവിപ്പിച്ചത്. മണി ചെയിൻ മാതൃകയിലുള്ള ഹൈറിച്ച് നിക്ഷേപ തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് കേരളം, ചത്തീസ്ഗഢ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായി 14 കേന്ദ്രങ്ങളിൽ രണ്ടാഴ്ച മുമ്പ് ഇ ഡി റെയ്ഡുകൾ നടന്നിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിലും പ്രതികൾ കോടികൾ തട്ടിയിട്ടുണ്ട്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് പ്രതാപന്റെ അറസ്റ്റ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന.















