മോട്ടോർ വാഹന പ്രേമികളെ ആവേശം കൊള്ളിച്ച് ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ‘ഫ്രീഡം’ മോട്ടോർസൈക്കിൾ പുറത്തിറക്കി. പെട്രോളിന് പുറമേ CNG (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രീഡം 125-ന്റെ വില NGO4 ഡ്രമ്മിന് 95,000 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം മിഡ്-സ്പെക്ക് NGO4 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് NGO4 ഡിസ്ക് LED-യ്‌ക്ക് 1.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ് ആദ്യ ബുക്കിംഗ് ആരംഭിച്ചത്. അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മോട്ടോർസൈക്കിൾ ലോഞ്ച് ചെയ്യും. 9.5 എച്ച്‌പി പവറും 9.7 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ് ഫ്രീഡം 125 ന് കരുത്ത് പകരുന്നത്. 2 ലിറ്റർ പെട്രോൾ ടാങ്കിലും 2kg CNG ടാങ്കിലുമാണ് ഇത് പ്രവർത്തിക്കുന്നത്. സംയോജിത പരിധി 330 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
യാത്രയിലായിരിക്കുമ്പോൾ പെട്രോളിനും സിഎൻജി ഇന്ധനത്തിനും ഇടയിൽ മാറാനുള്ള ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു. സിഎൻജിക്കും പെട്രോൾ റീഫില്ലിംഗിനും ഉള്ള ഫ്യുവൽ ക്യാപ് കവർ ഒന്നുതന്നെയാണ്. സാധാരണ പെട്രോളിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിനേക്കാൾ 26 ശതമാനം കുറവ് കാർബൺ ഡൈ ഓക്സൈഡും 43 ശതമാനം നൈട്രജൻ ഓക്സൈഡും പുറന്തള്ളുന്നതായും ബജാജ് വ്യക്തമാക്കുന്നു.
ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള റിവേഴ്സ് എൽസിഡി ഡിസ്പ്ലേ ബജാജ് ഫ്രീഡത്തിൽ സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്‌ക്കായി, സിംഗിൾ-ചാനൽ എബിഎസ് ലഭിക്കുന്നു. ഏഴ് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക.















