കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. ശനിയാഴ്ച രാവിലെ ഹാജരാകാനാണ് നിർദ്ദേശം.
സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന് പ്രിൻസിപ്പൽ പുതിയ പരാതിയും നൽകിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയിൽ എസ്എഫ്ഐ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പ്രിൻസിപ്പാൾ പറയുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനെ എസ്എഫ്ഐ പ്രവർത്തകർ തെറ്റായ രീതിയിൽ പ്രചാരണത്തിന് ഉപയോഗിച്ചെന്നും പ്രിൻസിപ്പാൾ വിമർശിച്ചു. നാല് വര്‍ഷ ബിരുദ കോഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്ന നടപടികൾക്കിടയിൽ, എസ്എഫ്ഐക്കാർ ഹെൽപ് ഡെസ്ക് ഇട്ടു. ഇതിനെ പ്രിൻസിപ്പാൾ എതിർത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
വിദ്യാര്‍ത്ഥി സംഘടനയുടെ ഹെല്‍പ് ഡെസ്‌ക് തന്നെ നിയമവിരുദ്ധമായിരിക്കെ കോളേജിന് പുറത്തുളള എസ്എഫ്ഐക്കാരും ഹെല്‍പ് ഡെസ്‌കില്‍ ഇരുന്നതിനെയാണ് പ്രിൻസിപ്പാൾ എതിർത്തത്. ഇതിനെ തുടർന്ന്, എസ്എഫ്ഐക്കാർ പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
എന്നാല്‍, പ്രിന്‍സിപ്പാള്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് എസ്എഫ്ഐക്കാർ പൊലീസിൽ പരാതി നൽകിയത്. ഈ കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്.















