ലക്നൗ: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസിലെ സത് സംഗിനിടെയുണ്ടായ ദുരന്തത്തിൽ മുഖ്യപ്രതി കീഴടങ്ങി. സത് സംഗിന്റെ പ്രധാന സംഘാടകനായ ദേവപ്രകാശ് മധുകറാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പ്രതിയുടെ അഭിഭാഷകനാണ് ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് പൊലീസിന് സമഗ്രമായ അന്വേഷണം നടത്താമെന്നും എന്നാൽ ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും അഭിഭാഷകൻ അറിയിച്ചു. മുൻകൂർ ജാമ്യത്തിനായി ഒരു അപേക്ഷയും ഒരു കോടതിയിലും നൽകിയിട്ടില്ല. കേസ് അന്വേഷണത്തിന് സഹകരിക്കാൻ അദ്ദേഹം തയ്യാറാണെന്നും അഭിഭാഷകൻ പറഞ്ഞു.
കേസിന്റെ സമഗ്ര അന്വേഷണത്തിനായി റിട്ടയേർഡ് ജഡ്ജി ബ്രിജേഷ് കുമാർ വാസ്തവയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
കഴിഞ്ഞ ദിവസം, പ്രത്യേക അന്വേഷണ സംഘം 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിരുന്നു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. 90 പേരുടെ മൊഴികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.















