ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 8 പേർ കീഴടങ്ങി
ഇന്നലെ വൈകിട്ട് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ അരിവാളുകൊണ്ട് വെട്ടിയശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആംസ്‌ട്രോങ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു . ബഹുജൻ സമാജ് നേതാവ് മായാവതി ഉൾപ്പെടെ നിരവധി പേർ കൊലപാതകത്തെ അപലപിച്ചു.
തുടർന്ന്, രക്ഷപ്പെട്ട സംഘത്തിനായി പോലീസ് 6 പ്രത്യേക സേനകളെ രൂപീകരിച്ച് തിരച്ചില് നടത്തുകയായിരുന്നു
ഇതിനിടെയാണ് ഈ കേസിൽ 8 പേർ പൊലീസിൽ കീഴടങ്ങിയത്. കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട ആർക്കാട് സുരേഷിന്റെ സഹോദരൻ ആർക്കാട് ബാലു ഉൾപ്പെടെയുള്ള 8 പേരാണ് അണ്ണാനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് മുന്നിൽ കീഴടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഞങ്ങൾ 4 മണിക്കൂറിനുള്ളിൽ 8 പേരെ അറസ്റ്റ് ചെയ്തു, ആംസ്ട്രോങ്ങിന്റെ കൊലപാതക കേസിൽ ഞങ്ങൾ ഗൗരവമായ അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ”.ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ മാധ്യമങ്ങളെ കണ്ട ചെന്നൈ നോർത്ത് സോൺ അഡീഷണൽ കമ്മീഷണർ അസ്ര ഗാർഗ് പറഞ്ഞു















