ലക്നൗ: ഹത്രാസ് ദുരന്തത്തിൽ അതിയായ വേദനയുണ്ടെന്ന് സൂരജ് പാൽ എന്ന ഭോലെ ബാബ. സർക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസമുണ്ടെന്നും പ്രശ്നമുണ്ടാക്കിയ വരെ വെറുതെ വിടില്ലെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ജൂലൈ രണ്ടിന് സംഭവിച്ചതിൽ അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ. ദയവായി സർക്കാരിലും ഭരണത്തിലും വിശ്വസിക്കുക.
അവിടെ പ്രശ്നമുണ്ടാക്കിയത് ആരാണെങ്കിലും അവരെ വെറുതെ വിടില്ലെന്ന് വിശ്വാസമുണ്ട്. എന്റെ അഭിഭാഷകൻ എ.പി സിംഗ് മുഖേന മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ ജീവിതകാലം മുഴുവൻ സഹായിക്കാൻ നടപടികൾ എടുക്കുമെന്നും ഭോലെ ബാബ സന്ദേശത്തിൽ പറയുന്നു. സംഭവത്തിന് ശേഷം ഭോലെ ബാബ പൊതു മദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. അവിടെ വെച്ചാണ് വീഡിയോ സന്ദേശം നൽകിയതെന്നാണ് വിവരം.
ജുലൈ രണ്ടിനാണ് 121 പേരുടെ മരണത്തിന് ഇടയാക്കിയ ഹത്രാസ് ദുരന്തം നടന്നത്. ഭോലെ ബാബയുടെ നേതൃത്വത്തിൽ നടന്ന സത്സംഗിനിടെയായിരുന്നു അപകടം . തിക്കിലും തിക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. പൊലീസ് എഫ്ഐആർ പ്രകാരം 80,000 പേർക്ക് മാത്രം ഒത്തുകൂടാനായിരുന്നു അനുമതി നൽകിയ സ്ഥലത്ത് 2.5 ലക്ഷത്തോളം ആളുകൾ തടിച്ചുകൂടുയായിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. കേസിന്റെ സമഗ്ര അന്വേഷണത്തിനായി റിട്ടയേർഡ് ജഡ്ജി ബ്രിജേഷ് കുമാർ വാസ്തവയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും യുപി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.















