മുംബൈ: ഈ വർഷത്തെ ഏറ്റവും വലിയ പ്രൗഢഗംഭീരമായ വിവാഹാഘോഷ പരിപാടികൾക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. വളരെ രാജകീയമായ രീതിയിലാണ് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ പുരോഗമിക്കുന്നത്. ജിയോ വേൾഡ് സെന്ററിൽ നടന്ന ഇരുവരുടെയും സംഗീത് ചടങ്ങാണ് ഇപ്പോൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
സംഗീത് ചടങ്ങിൽ ബോളിവുഡ് താരങ്ങളും പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറും വേദിയെ ഇളക്കി മറിച്ചിരുന്നു. ഇതിനിടയിലും ഏവരുടെയും ശ്രദ്ധയാകർഷിച്ചത് അനന്തും രാധികയും ധരിച്ച വസ്ത്രമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രാജകീയ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച ലെഹങ്കയായിരുന്നു രാധികയുടെ വസ്ത്രം. ഇതിന് ഓഫ് ഷോൾഡർ ബ്ലൗസും ദുപ്പട്ടയുമാണുള്ളത്. പേസ്റ്റൽ നിറമുള്ള ഹാൻഡ് മെയ്ഡ് ലെഹങ്കയിൽ മിന്നിത്തിളങ്ങി അനന്തിനോട് ചേർന്നു നിൽക്കുന്ന രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്. ചെറിയൊരു നെക്ലേസും ഡ്രെസിനോട് അനുയോജ്യമായ ക്രിസ്റ്റൽ വളകളും, മോതിരവും, കമ്മലും രാധിക അണിഞ്ഞിരുന്നു.
ജാനി സന്ദീപ് ഖോസ്ലയുടെ ഡിസൈനിൽ നീല ബന്ദ്ഗാലയിൽ സ്വർണ പൂക്കളോടുകൂടിയ വസ്ത്രമായിരുന്നു അനന്ത് ധരിച്ചിരുന്നത്. ഗോൾഡൻ നൂലിഴകളിൽ നെയ്‌തെടുത്ത രാജകീയ വസ്ത്രത്തിൽ അനന്തും മിന്നിതിളങ്ങി.

ജൂലൈ 12ന് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് അനന്തിന്റെയും രാധികയും വിവാഹം നടക്കുന്നത്. ജൂലൈ 13 വരെ ആഘോഷ പരിപാടികൾ നടക്കും. വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിൽ ഒത്തുകൂടിയിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളായിരുന്നു അംബാനി കുടുംബം സംഘടിപ്പിച്ചിരുന്നത്.















