തൃശൂർ: ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെ കള്ളക്കേസിൽ കുടുക്കി തൃശൂരിലെ പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവിനെതിരെ 107-ാം വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസ് മറുപടി പറയണം. ക്രിമിനൽ കേസിൽ പ്രതിയല്ലാത്ത ജില്ലാ അദ്ധ്യക്ഷനെതിരെ നടപടി എടുത്തതിന് പിന്നിൽ സിപിഎമ്മാണെന്ന് തുറന്ന് പറയാൻ പൊലീസ് തയ്യാറാകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. അനീഷ് കുമാറിനെതിരായ കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ബിജെപി തൃശൂരിൽ വിജയിക്കും എന്ന് പറഞ്ഞയാളാണ് അനീഷ് കുമാർ. അദ്ദേഹത്തെ ഭയപ്പെടുകയാണ് സിപിഎം. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല. സിപിഎമ്മിന്റെ രാഷ്‌ട്രീയ പകപോക്കലാണ് കള്ളക്കേസിന് പിന്നിൽ. സിപിഎം ജില്ലാ സെക്രട്ടറിയടക്കം ജയിലിലേക്ക് പോകുന്ന കാഴ്ച വിദൂരമല്ല. ജയിലരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനായി ഒരു മുറി തന്നെ ഒരുക്കി ഇടേണ്ടി വരും.കരുവന്നൂരിൽ പാവപ്പെട്ടവന്റെ പണം അടിച്ചു മാറ്റിയതിന് സിപിഎം നേതാക്കൾ അകത്ത് പോകുമ്പോൾ ബിജെപി പ്രവർത്തകർ പുറാത്തായിരിക്കും”. എംടി രമേശ് പറഞ്ഞു.
ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള നിരവധി എസ്എഫ്‌ഐ നേതാക്കളാണ് കേരളത്തിൽ ഉള്ളത്. അവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും എംടി രമേശ് വിമർശനമുയർത്തി. പൊലീസിനെ തെറിവിളിച്ച വ്യക്തിയാണ്
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതയെ ന്യായീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐയുള്ള കോളേജിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ഭയമാണെന്നും മുഖ്യമന്ത്രി അക്രമികളെ ന്യായീകരിക്കുകയാണെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.