ന്യൂഡൽഹി : ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ പർവ്വതം ദർശിക്കുവാനുള്ള ഒരു അദ്വിതീയ അവസരം ഉടൻ സാധ്യമാകും.ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിൽ പുതുതായി തുറന്ന വ്യൂപോയിൻ്റിലൂടെ സെപ്റ്റംബർ 15 മുതലായിരിക്കും ഈ ദർശന സൗഭാഗ്യം ലഭ്യമാകുക. ഇതോടെ ടിബറ്റിലെ പവിത്രമായ കൈലാസ പർവതത്തെ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ നിന്ന് ദർശിക്കാൻ ഭക്തർക്കാകും.
പിത്തോരഗഡ് ജില്ലയിലെ വ്യാസ് താഴ്വരയിൽ 18,300 അടി ഉയരത്തിലാണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്. പിത്തോരഗഡ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്‌സ് മുതൽ ചൈനീസ് അതിർത്തിയായ ലിപുലേഖ് ചുരം വരെയുള്ള പാത തുറന്നതോടെ ഇന്ത്യയിൽ നിന്ന് നേരിട്ട് കൈലാസം കാണാനുള്ള സുവർണാവസരമാണ് തീർഥാടകർക്ക് കൈവന്നിരിക്കുന്നത്. ധാർചുലയിൽ നിന്ന് ലിപുലേഖിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് 800 മീറ്റർ നടന്ന് കൈലാഷ് വ്യൂ പോയിൻ്റിലേക്ക് പ്രവേശിക്കാം.
കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അന്ന് ചൈന വഴിയുള്ള പരമ്പരാഗത റൂട്ട് അടച്ചിരുന്നു. എന്നാൽ പകർച്ചവ്യാധി കുറഞ്ഞിട്ടും ഈ നിരോധനം നിലനിൽക്കുന്നു.
ഔദ്യോഗിക ഉദ്ഘാടനത്തിന്റെ മുന്നോടിയായി, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജും ഭാര്യ അമൃത റാവത്തും ജൂൺ 22-ന് ലിപുലേഖ് ചുരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി
ഹിമാലയൻ പർവതനിരകളുടെ ഭാഗമായ കൈലാസപർവ്വതം സമുദ്രനിരപ്പിൽ നിന്ന് 6,690 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു . ഇതിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും മതപരമായ പ്രാധാന്യമുണ്ട്. സത്‌ലജ്, ബ്രഹ്മപുത്ര, എന്നിവയുൾപ്പെടെ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദികളുടെ സ്രോതസ്സുകൾക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഹിന്ദുപുരാണമനുസരിച്ച് കൈലാസ പർവ്വതം ശിവന്റെ വാസസ്ഥലമാണ്. ബുദ്ധമതക്കാരും ജൈനരും പാപങ്ങളിൽ നിന്നുള്ള മോചനത്തിനുമുള്ള ഒരു പുണ്യസ്ഥലമായി ഇതിനെ കണക്കാക്കുന്നു. മതപരമായ കാരണങ്ങളാൽ കൈലാസ പർവ്വതം കയറുന്നത് നിരോധിച്ചിരിക്കുകയാണ്.
ഏപ്രിൽ മുതൽ ഒക്ടോബർ പകുതി വരെയുള്ള സമയത്താണ് കൈലാസ തീർത്ഥാടനം നടക്കുന്നത്. കൈലാഷ്-മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സാധുവായ പാസ്‌പോർട്ടുകളും ചൈനീസ് വിസയും ആവശ്യമാണ്.















