ബെംഗളൂരു: കാമുകന്റെ യാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കാമുകിക്കെതിരെ കേസ്. ബെംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലെ ഹെൽപ്പ് ഹെൽപ്പ് ലൈനിലേക്ക് 29 കാരിയായ ഇന്ദ്ര രാജ്‍വറാണ് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. തന്റെ കാമുകനായ മിർ റാസ മെഹ്ദിയുടെ ബാഗിൽ ബോംബ് ഉണ്ടെന്ന രീതിയിലാണ് ഇവർ ഫോൺ വിളിച്ച് പറഞ്ഞത്.
ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം. പൂനെ സ്വദേശിയായ ഇന്ദ്ര രാജ്‍വർ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കാമുകനായ മിർ റാസ മെഹ്ദിയും ഇന്ദ്ര രാജ്‍വറും വ്യത്യസ്ത വിമാനങ്ങളിൽ മുംബൈയിലേക്ക് പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. കാമുകനുമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കാമുകി മിർ റാസയുടെ യാത്ര മുടക്കിയത്.
വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് പ്രതി മിർ റാസ മെഹ്ദി എന്ന യാത്രക്കാരന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് ഫോൺ സന്ദേശത്തിലൂടെ അറിയിച്ചത്. തുടർന്ന്, അധികൃതരെത്തി മെഹ്ദിയയെ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താത്തതിനാൽ, ഇതൊരു വ്യാജ സന്ദേശമായി പ്രഖ്യാപിച്ചു.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാജ്വാറിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.