അഹമ്മദാബാദ്: ജഗന്നാഥ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന രഥയാത്രയ്‌ക്ക് മുന്നോടിയായി ക്ഷേത്രദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാര്യ സോണാൽ ഷായോടൊപ്പമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. അതിരാവിലെ നടന്ന മംഗള ആരതിയിൽ അമിത് ഷാ പങ്കെടുത്തു. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് മടങ്ങിയത്.
ഇന്ന് നടക്കുന്ന രഥയാത്രയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തർ രഥയാത്രയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഭക്തരുടെ സുരക്ഷയ്‌ക്കായി 15,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
നഗരത്തിന്റെ വിവിധയിടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും അഹമ്മദാബാദ് സിറ്റി പൊലീസ് നീരജ് ബദ്ഗുജർ പറഞ്ഞു. ക്ഷേത്ര പരിസരത്ത് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
രഥോത്സവത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ ദിവസം ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രഥോത്സവത്തിൽ പങ്കെടുക്കുന്നതിനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ നിരവധി ഭക്തരാണ് ക്ഷേത്ര നഗരത്തിലേക്ക് ഒഴുകിയെത്തിയത്.















