ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ. ഓപ്പറേഷൻ തുടരുന്നതായാണ് റിപ്പോർട്ട്. കൂടുതൽ ഭീകരർ കൊല്ലപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഓപ്പറേഷനിടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ചിംഗം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ സേന വധിച്ചത്. ഒരു ജവൻ വീരമൃത്യു വരിച്ചു. മോഡർഗാം പ്രദേശത്തും ഇന്നലെ ഏറ്റുമുട്ടൽ നടന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികൻ വീരമൃത്യു വരിച്ചു.
ഭീകര സാന്നിധ്യമുണ്ടെന്ന് ലഭിച്ച ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് സൈന്യം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. സൈന്യവും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിട്ടേക്കും.















