ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പൊലീസ്. നഗരത്തിലെ 40 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ സിസിടിവിയും എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഡിജിപി ദയാൽ ഗാംഗ്വർ പറഞ്ഞു. രഥയാത്രയ്‌ക്ക് മുന്നോടിയായി ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത കുരുക്കുകൾ കുറക്കാനും ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സഹായകമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വയ്‌ക്കുന്നത്. ഗതാഗത കുരുക്കുകളുള്ള സ്ഥലങ്ങൾ ഉടനടി കണ്ടെത്തുന്നതിനായി ഡ്രോണും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ രാവിലെ ഏഴ് മണിക്കാണ് രഥയാത്രക്ക് തുടക്കമായത്. നിരവധി പേർ യാത്രയിൽ പങ്കെടുക്കാനായി ക്ഷേത്ര സന്നിധിയിലെത്തി. ജഗന്നാഥന്റെ രഥത്തിനൊപ്പം മറ്റ് രണ്ട് രഥങ്ങൾ കൂടി യാത്രയിലുണ്ട്. രഥമണ്ഡപവും യാത്രാ പാതയും സ്വർണ ചൂൽ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു.















