നടനും രാഷ്‌ട്രീയക്കാരനുമായ വിജയകാന്തിന്റെ മരണം തമിഴ് മക്കൾക്ക് തീരാനഷ്ടമാണ്. സഹജീവികളോട് ഇത്രയധികം സ്നേഹമുള്ള മറ്റൊരു മനുഷ്യൻ സിനിമാരംഗത്ത് ഇല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. നടന്റെ വിയോഗത്തിന് ശേഷവും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകാന്തിനെ സിനിമയിൽ പുനരവരിപ്പിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്ര വിദഗ്ധർ.
ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിജയകാന്തിന്റെ ഭാര്യ പ്രേമലത. വിജയകാന്തിനെ സ്ക്രീനിൽ എത്തിക്കുന്നതിനായി ഒരു സിനിമാക്കാരും ഇതുവരെയും അനുമതി വാങ്ങിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ അനുമതി വേണമെന്നുമാണ് പ്രേമലത പറയുന്നത്. നടൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിന് പോലും അനുമതി വേണമെന്നാണ് ഭാര്യയുടെ ചൂണ്ടിക്കാട്ടൽ.
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് അഭിനയിക്കുന്ന ചിത്രമായ ’ഗോട്ട് -ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിൽ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ, സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽട്ടൺ ഒരുക്കുന്ന ’മഴൈ പിടിക്കാത്ത മനിതനി’ലും വിജയകാന്തിന്റെ സാന്നിധ്യമുള്ളതായി സൂചനകളുണ്ട്.















