റാഞ്ചി: ഝാർഖണ്ഡിൽ ബഹുനില കെട്ടിടം തകർന്നുവീണു. ദിയോഘർ നഗരത്തിൽ സ്ഥിതിചെയ്യുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള കെട്ടിടമാണ് നിലം പൊത്തിയത്. രാവിലെ ആറ് മണിക്കാണ് സംഭവം.
ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. രണ്ട് കുട്ടികളുൾപ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. അടിയന്തര ചികിത്സാ സഹായത്തിനായി ആരോഗ്യവകുപ്പ് സംഘവും അഗ്നിശമനാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദിയോഘർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ റിത്വിക് ശ്രീവാസ്തവ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















