കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റെ ഓഫീസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെതിരെയും ഡിസിപി ഇന്ദിരാ മുഖർജിക്കുമെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥർ ഗവർണറുടെ ഓഫീസിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാർക്കെതിരെ സി വി ആനന്ദ ബോസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ജൂണിലാണ് പൊലീസുകാർക്കെതിരായുള്ള റിപ്പോർട്ട് ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇരകളായവർ ഗവർണറെ സന്ദർശിക്കാനെത്തിയപ്പോൾ പൊലീസ് അനുമതി നിഷേധിച്ചു. രാജ്ഭവനെതിരായുള്ള കെട്ടിച്ചമച്ച പരാതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ പൊലീസ് മുൻകൈ എടുക്കുന്നു. പൊതുജനങ്ങളെ സേവിക്കുന്ന ഉദ്യോഗസ്ഥർക്ക് നിരക്കാത്ത പ്രവൃത്തികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് തുടങ്ങി നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ റിപ്പോർട്ട് സമർപ്പിച്ചത്.
രാജ്ഭവൻ ജീവനക്കാർക്ക് ആവശ്യമില്ലാതെ ഐഡി കാർഡുകൾ നൽകി. രാജ്ഭവനിൽ നിന്ന് അവർ പുറത്തേക്കും അകത്തേക്കും കടക്കുമ്പോൾ നിർബന്ധിത പരിശോധനകൾക്ക് വിധേയരാക്കുകയും ചെയ്തു. പൊലീസിന്റെ പുതിയ നയങ്ങൾ പെരുമാറ്റചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഗവർണറുടെ അറിവോ, സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് രാജ്ഭവനിൽ സുരക്ഷാ സംവിധാനം പൊലീസ് ഏർപ്പെടുത്തിയത്. പൊലീസ് നടപടികളെ തുടർന്ന് ആക്രമണങ്ങളിൽ ഇരയായവർ കോടതിയെ സമീപിച്ചതിന് ശേഷമാണ് ഗവർണറെ കാണാൻ രാജ്ഭവനിൽ എത്തിയത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പ്രവൃത്തികൾ ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സി വി ആനന്ദബോസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.















