മുംബൈ: നായയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം പല വേളകളിലും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് എത്രത്തോളം തീവ്രമാകാമെന്ന് കാണിച്ചുതരുന്നതാണ് മുംബൈയിലെ യുവതിയെയും വളർത്തുനായയെയും കുറിച്ചുള്ള വാർത്തകൾ. പിറന്നാൾ സമ്മാനമായി രണ്ടര ലക്ഷത്തിന്റെ സ്വർണമാലയാണ് സരിത സൽദാൻഹ എന്ന മുംബൈ സ്വദേശിനി തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ടൈഗറി’ന്റെ കഴുത്തിൽ അണിയിച്ചത്.
ചേമ്പൂരിലെ ജ്വല്ലറിയിൽ നിന്നും സരിത സ്വർണ മാല വാങ്ങുമ്പോൾ പുറത്ത് കാത്തുനിൽക്കുന്ന ടൈഗറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വിധം പ്രത്യേകം രൂപകൽപന ചെയ്തതാണ് മാല. ടൈഗറിന്റെ കഴുത്തിൽ മാല അണിയിക്കുമ്പോൾ അവൻ ആവേശത്തിൽ വാലാട്ടുന്ന ദൃശ്യങ്ങൾ ജ്വല്ലറി അധികൃതരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ആളുകൾ യുവതിയുടെ അതിരുകടന്ന മൃഗസ്നേഹത്തെ വിമർശിച്ചും അഭിനന്ദിച്ചും രംഗത്തുവന്നു. പലരും വീഡിയോ വളരെ ‘ക്യൂട്ട്’ ആണെന്ന് പറയുമ്പോൾ ഇതല്പം കൂടിപ്പോയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ടൈഗറിന് ജന്മദിനാശംസകൾ നേരാനും ആളുകൾ മറന്നില്ല.















