ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഞായറാഴ്ച പുരി ഗോവർദ്ധന പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയെ സന്ദർശിച്ച്അനുഗ്രഹം തേടി. ഞായറാഴ്ച പുരിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം തന്റെ സർക്കാരിനെ കാര്യക്ഷമമായി നയിക്കാൻ അനുഗ്രഹവും മാർഗനിർദേശവും തേടിയതായി മാജി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആചാര്യ സ്വാമികളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് മാജി പറഞ്ഞു.
” ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം എനിക്ക് ധാരാളം ഉപദേശങ്ങൾ നൽകി, പ്രത്യേകിച്ച് ദീർഘകാലമായി ചൂഷണം ചെയ്യപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി. പുരിയിലെ പുരാതന മഠങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു, ”മുഖ്യമന്ത്രി പറഞ്ഞു. ശങ്കരാചാര്യരുടെ മാർഗനിർദേശപ്രകാരം പുരാതന സ്മാരകങ്ങൾ സംരക്ഷിക്കാൻ തന്റെ സർക്കാർ പരമാവധി ശ്രമിക്കുമെന്നും മാജി പറഞ്ഞു.
“ജനങ്ങൾക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഞാൻ പോകുന്നത്.” ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
യാത്രയിലായിരുന്നു ശങ്കരാചാര്യർ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ക്ഷേത്ര നഗരിയിൽ എത്തിയത്.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ഒഡീഷയിലെ നിരവധി മന്ത്രിമാർ, ബിജെപി എംഎൽഎമാർ എന്നിവരും ശങ്കരാചാര്യരെ കണ്ട് അനുഗ്രഹം വാങ്ങി.















