ന്യൂഡൽഹി: പ്രതിയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുന്ന ജാമ്യവ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. പ്രതികൾ അവരുടെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ പൊലീസുമായി പങ്കുവയ്‌ക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
ഇത്തരം വ്യവസ്ഥകൾ പ്രതികളുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ എഎസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.”ജാമ്യം അനുവദിക്കുന്നതിന്റെ ഉദ്ദേശം തന്നെ അട്ടിമറിക്കുന്ന ജാമ്യ വ്യവസ്ഥകൾ ഒരു കോടതിക്കും ചുമത്താനാകില്ല, ഇത് കുറ്റാരോപിതരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കലാണ്,” കോടതി പറഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസിൽ പ്രതിയായ നൈജീരിയൻ പൗരന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഈ വിധി. പ്രതി അയാളുടെ ലൊക്കേഷൻ അന്വേഷണ ഉദ്യോഗസ്ഥന് ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഒരു ഗൂഗിൾ മാപ്പ് പിൻ ഇടണം, കൂടാതെ പ്രതി രാജ്യം വിടില്ലെന്നും കോടതിക്ക് മുന്നിൽ ഹാജരാകുമെന്നും നൈജീരിയൻ ഹൈക്കമ്മീഷൻ വിചാരണകോടതിക്ക് ഉറപ്പ് നൽകേണ്ടതുണ്ട് ഇവയായിരുന്നു ഹൈക്കോടതിയുടെ കർശന വ്യവസ്ഥകൾ. ഈ വ്യവസ്ഥയെ ചോദ്യം ചെയ്ത സുപ്രീം കോടതി പ്രതിക്ക് ഇടക്കാല ജാമ്യം നൽകുകയും ചെയ്തു.















