ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്‌ക്കിടെ ഭക്തൻ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. മരിച്ച ഭക്തന്റെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി 4 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒഡിഷയിലെ ബലംഗീർ ജില്ലയിലെ സൈതാല ബ്ലോക്ക് സ്വദേശിയായ ലളിത ബഗർതിയാണ് കഴിഞ്ഞ ഞായറാഴ്ച ഘോഷയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പുരിയിലെ ബലഭദ്രന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോകപ്രശസ്തമായ പുരി ജഗന്നാഥ രഥോത്സവത്തിന് ഇന്നലെയാണ് തുടക്കമായത്. ഒഡിഷയിലെ കടൽത്തീര നഗരമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് രഥയാത്ര നടക്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന രഥയാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ ഒത്തുകൂടിയത് . രഥയാത്രയുടെ ഭാഗമായി ക്ഷേത്രത്തിൽ നടത്തിയ ആഘോഷങ്ങളിൽ പ്രസിഡൻ്റ് ദ്രൗപദി മുർമുവിനോപ്പം ഒഡീഷ ഗവർണർ രഘുബർ ദാസ്, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുത്തിരുന്നു.















