തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ജുലൈ ആറാം തിയതിയായിരുന്നു പരിപാടി നടന്നത്.
മഹാക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികൾ കടുത്ത അമർഷത്തിലാണ്. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും രംഗത്തെത്തി. ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കർശന നടപടി ആവശ്യപ്പെട്ട് സംഘടനകൾ ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലമായി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവൃത്തികളാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രവും കാര്യാലയവും പരിപാവനമായ സ്ഥലമാണ്. എന്നാൽ ഇവിടെ നടക്കുന്നത് കടുത്ത ആചാര ലംഘനമാണ്. സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്ന എക്സിക്യൂട്ടിവ് ഓഫീസറെ മാറ്റണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം. കൂടാതെ ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിഹാര ക്രിയകൾ നടത്തണമെന്നും അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും ഉന്നയിച്ചു.