തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം കടുത്ത ആചാര ലംഘനമെന്ന് മുഖ്യതന്ത്രി. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌നമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതിക്കും കവടിയാർ കൊട്ടാരത്തിനും തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് രേഖാമൂലം പരാതി നൽകി
ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും, ജീവനക്കാരിൽ പലരും മദ്യവും മാംസവും ഇതേ സ്ഥലത്ത് ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയരുന്നുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും രംഗത്തെത്തിയിട്ടുണ്ട്.നടന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കർശന നടപടി ആവശ്യപ്പെട്ട് സംഘനകൾ ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിഹാര ക്രിയകൾ നടത്തണമെന്നും എക്സിക്യൂട്ടിവ് ഓഫീസറെ മാറ്റണനെന്നും ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു.