മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഗായിക വൈക്കം വിജയ ലക്ഷ്മി. വേറിട്ട ശബ്ദമാണ് അവരുടെ സവിശേഷത. അടുത്തിടെ വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തോട് പ്രതികരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
കണ്ണിന്റെ റെറ്റിനയ്‌ക്ക് പ്രശ്നമെന്നാണ് ന്യൂയോർക്കിലെ ഡോക്ടർമാർ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത്. ശങ്കര നേത്രാലയത്തിൽ പോയപ്പോൾ ബ്രെയിനിന്റെ തകരാർ ആണെന്നും പറഞ്ഞു. അമേരിക്കയിൽ പ്രോഗ്രാമിന് പോയപ്പോഴാണ് ന്യൂയോർക്കിലെ ഡോക്ടർമാർ കാഴ്ച ലഭിക്കുമെന്ന് പറഞ്ഞത്. പിന്നീട് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല. ഇസ്രായേലിൽ പോയാൽ മാത്രമേ ശരിയാകൂ എന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദർ പറയുന്നതെന്ന് വൈക്കം വിജയ ലക്ഷ്മി പറഞ്ഞു.
ഇപ്പോൾ എല്ലാവരും പറയുന്നത് ഇസ്രായേലിൽ പോയാൽ കണ്ണിന്റെ കാഴ്ചക്കുള്ള ചികിത്സ ലഭിക്കുമെന്നാണ്. പക്ഷെ, അവിടെ ഇപ്പോൾ യുദ്ധം നടക്കുകയാണ്. അതിനാൽ അവിടേക്ക് പോകാനും കഴിയില്ല. അവ്യക്തമായ ഒരു വെളിച്ചം മാത്രമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. ഇടയ്‌ക്ക് ചില മാദ്ധ്യമങ്ങൾ തനിക്ക് കാഴ്ച ലഭിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നെന്നും വൈക്കം വിജയ ലക്ഷ്മി പറയുന്നു. ഒരിക്കലും അങ്ങനെയുള്ള വാർത്തകൾ കൊടുക്കരുത്. കാരണം, മറ്റുള്ളവർ കാഴ്ചയുള്ള ആളാണെന്ന രീതിയിലായിരിക്കും എന്നോട് പെരുമാറുന്നതെന്നും ഗായിക കൂട്ടിച്ചേർത്തു.
ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും അതിജീവിച്ചാണ് കരിയറിൽ വൈക്കം വിജയലക്ഷ്മി മുന്നേറുന്നത്. മാതാപിതാക്കളുടെ പിന്തുണയാണ് ഗായികയുടെ വിജയത്തിന് പിന്നിൽ. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് വിജയലക്ഷ്മി എപ്പോഴും വേദികളിൽ എത്തുന്നത്.















