തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയോളം നടന്ന ഓഫർ സെയിലിൽ തിരുവനന്തപുരം ലുലുമാളില്‍ ലക്ഷങ്ങളുടെ മോഷണം. ആറ് ലക്ഷത്തോളം വില വരുന്ന മൊബൈൽ ഫോണുകളാണ് കവർന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് പിടികൂടി.
വില കൂടിയ ആറ് ഐ ഫോണുകളാണ് മാളിൽ നിന്നും മോഷണം പോയത്. ലുലു മാളിൽ തന്നെ ജോലി ചെയ്തവരാണ് മോഷണത്തിന് പിന്നിൽ. ഓഫർ സെയിലിനോടനുബന്ധിച്ച് മാളിൽ താൽക്കാലികമായി ചിലർ ജോലിക്ക് കയറിയിരുന്നു. ഈ ജീവനക്കാരിൽ ചിലരാണ് ഫോണുകൾ കവർന്നത്.
അന്വേഷണത്തിന് പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ഒമ്പത് പേരിൽ ആറുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീട്ടിൽ നിന്നാണ് പൊലീസ് ഫോണുകൾ കണ്ടെത്തിയത്.