ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിൽ, ഫ്ലോട്ടിംഗ് ആണവ നിലയങ്ങൾ സുപ്രധാന ചർച്ചയാകുമെന്ന് സൂചന . ഇത് ഇന്ത്യ-റഷ്യ ആണവ സഹകരണത്തിന് പുതിയ തലം നൽകുമെന്നും സുസ്ഥിര ഊർജ്ജപരിഹാരങ്ങളിലേക്കുള്ള നൂതനമായ പദ്ധതിയാകുമെന്നുമാണ് റിപ്പോർട്ട്.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, റോസാറ്റം ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് എന്നിവരുമായി ഇക്കാര്യം പ്രധാനമന്ത്രി ചർച്ച ചെയ്യും . സാധാരണയായി കപ്പലുകളിലോ ബാർജുകളിലോ ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നത് ഉൾപ്പെടുന്ന സവിശേഷ ആശയമാണ് ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകൾ. വിദൂര പ്രദേശങ്ങളിൽ ഉപയോഗിക്കാനുള്ള സാധ്യത, വിശാലമായ കര അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യമില്ലാതെ തീരപ്രദേശങ്ങളിൽ വൈദ്യുതി നൽകാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകൾ വാഗ്ദാനം ചെയ്യുന്നു.
റഷ്യയുടെ ആണവ കോർപ്പറേഷനായ ROSATOM, ചെറുതും ഇടത്തരവുമായ റിയാക്ടറുകൾക്കൊപ്പം ഇന്ത്യയുമായി ചേർന്ന് ഒരു ഫ്ലോട്ടിംഗ് ആണവ നിലയം സംയുക്തമായി വികസിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . റഷ്യ രൂപകല്പന ചെയ്ത നാല് VVER-1000 റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയുടെ കൂടംകുളം ആണവനിലയത്തിന്റെ പ്രധാന ഉപകരണ വിതരണക്കാരാണ് റോസാറ്റം. ഫ്ലോട്ടിംഗ് റിയാക്ടറുകൾക്ക് പുറമേ, ഇന്ത്യയിൽ മറ്റൊരു വലിയ തോതിലുള്ള ആറ് റിയാക്ടറുകളുള്ള ആണവ നിലയം നിർമ്മിക്കുന്നത് പരിഗണിക്കാൻ റോസാറ്റോം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.















