പക്ഷികൾ, സസ്തനികൾ, പറക്കും അണ്ണാൻ തുടങ്ങി ചെറിയ ജീവികൾ പറക്കുന്നത് പൊതുവെ നാം കണ്ടിരിക്കും. എന്നാൽ 2,000 കിലോ ഭാരമുള്ള ഹിപ്പോകൾക്ക് പറക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഹിപ്പോകൾക്കും ചെറിയ രീതിയിൽ പറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലണ്ടനിലെ റോയൽ വെറ്ററിനറി കോളേജിലെ ഗവേഷകരുടെ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകുന്നത്. ആന, കണ്ടാമൃഗങ്ങൾ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും ഭാരമേറിയ മൃഗങ്ങളുടെ കൂട്ടത്തിലാണ് ഹിപ്പോകളുടെ സ്ഥാനമുള്ളത്. ഇത്രയേറെ ഭാരമുള്ള ഇവ എങ്ങനെ പറക്കുമെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്?
അധിക സമയവും വെള്ളത്തിലാണ് ഹിപ്പോകൾ സമയം ചെലവഴിക്കുന്നത്. എന്നാൽ തങ്ങളെ ആരെങ്കിലും വേട്ടയാടുന്ന സമയത്തോ എതിരാളികളെ തുരത്തുന്ന സമയത്തോ ഹിപ്പോകൾ കരയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാറുണ്ട്. വളരെ വേഗത്തിൽ ഓടുമ്പോൾ ഇവയുടെ കാലുകൾ തറയിൽ നിന്ന് 15 ശതമാനത്തോളം വായുവിലായിരിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. നിലം തൊടാതെ അൽപ ദൂരത്തോളം കുതിച്ചുയരാൻ ഹിപ്പോകൾക്കും സാധിക്കുമെന്ന് പ്രൊഫസർ ഹാച്ചിസൺ വിശ്വസിക്കുന്നു. ഇത് കണ്ടെത്തുന്നതിനായി ഹിപ്പോകൾ അതിവേഗം ഓടുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഓരോ ഫ്രെയിമുകളും വിശദമായി പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു.















