ലക്നൗ: ഹത്രാസിൽ സത് സംഗ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ സത് സംഗ് നടക്കുന്ന വേദി പരിശോധിക്കുകയോ, മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സത് സംഗ് പരിപാടിയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഓഫീസറെ ഉൾപ്പെടെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സംഘാടകരും പൊലീസും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംഭവത്തെ ഉദ്യോഗസ്ഥർ ഗൗരവകരമായി എടുത്തിട്ടില്ലെന്നും സംഘാടകരാണ് അപകടത്തിന്റെ ഉത്തരവാദികളെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.