തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തി.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ എത്രയും വേഗം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം നൽകുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
കെയർ ഹോമിലുള്ള ചിലർ വീടുകളിലേക്ക് പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷണവും ഉറപ്പുവരുത്തും. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്യും. കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.















