ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ഭണ്ഡാരം’ വീണ്ടും തുറക്കാൻ ഒഡീഷ സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ച് സമിതി. രത്ന ഭണ്ഡാരം ജൂലൈ 14-ന് തുറക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസതുക്കളുടെ പട്ടിക തയ്യാറാക്കുന്ന സമിതിയാണ് സർക്കാരിനോട് ശുപാർശ ചെയ്തത്.
പുരിയിൽ ചേർന്ന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം അവസാനമായി തുറന്നത് 46 വർഷം മുമ്പ് 1978-ലാണ്. ഇതിനുവേണ്ടി രത്ന ഭണ്ഡാരങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കമ്മിക്ക് മുന്നിൽ ഹാജരാക്കാൻ ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ ചീഫ് അഡ്മിനിസ്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അധികാരി രഥയാത്ര നടത്തുന്ന തിരക്കിലായതിനാൽ ഇതുവരെയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഹാജരാക്കിയിട്ടില്ല. ജൂലൈ 14-ന് മുമ്പ് സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് ചീഫ് അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറക്കാൻ സാധിച്ചില്ലെങ്കിൽ പൂട്ട് തകർത്ത് രത്ന ഭണ്ഡാരം തുറക്കാനും യോഗത്തിൽ തീരുമാനമായി.
നിയമനടപടികൾ പ്രകാരം യോഗത്തിന്റെ മിനിറ്റ്സ് ക്ഷേത്രം മാനേജിംഗ് കമ്മിറ്റിക്ക് ആദ്യം അയക്കും. ഇതിന് ശേഷം ശുപാർശക്കായി ഒഡീഷ സർക്കാരിനും അയച്ചതിന് ശേഷമാകും ഭണ്ഡാരം തുറക്കുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്‌ട്രീയ വിഷയമായിരുന്നു.
ഒഡീഷയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ രത്ന ഭണ്ഡാരം വീണ്ടും തുറക്കുമെന്നും ഇതിനായി ഒരു ഭരണ സമിതിയെ രൂപീകരിക്കണമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ അണിയിക്കാനുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികൾക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്നഭണ്ഡാരം അവസാനമായി തുറന്നത്. 2018ൽ ഭണ്ഡാരം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോൽ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.















