എറണാകുളം: അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് അനധികൃത നെയിം ബോർഡും സർക്കാർ എംബ്ലവും ഘടിപ്പിച്ച വാഹനം ഫ്ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് പോയത്. എന്നാൽ തുടർ അന്വേഷണത്തിൽ ഇത് കൊല്ലം കെഎംഎംഎൽ എംഡിയുടെ വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ മുന്നിൽ കൊടി വച്ചിരിക്കുന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.
അനധികൃതമായി സർക്കാർ എംബ്ലവും കൊടിയും ഫ്‌ളാഷ് ലൈറ്റുമിട്ട് ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു. സർക്കാർ എംബ്ലവും മറ്റും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമങ്ങൾ ഉണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം വാഹനങ്ങൾ പിടികൂടാൻ സാധിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.















