ക്ലാസും കൗമാരവും മുഖാമുഖം നിന്ന യൂറോ കപ്പ് സൂപ്പർ പോരാട്ടത്തിൽ ഫൈനലിന് ടിക്കറ്റെടുത്ത് സ്‌പെയിൻ. ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിശ്ചിത സമയത്ത് കളം നിറഞ്ഞതോടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ തകർത്താണ് സ്‌പെയിൻ യൂറോ ഫൈനലിലെത്തിയത്. ടൂർണമെന്റ് ചരിത്രത്തിൽ തുടർച്ചയായി 6 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കിയാണ് അഞ്ചാം യൂറോ ഫൈനലിന് സ്‌പെയിൻ ടിക്കറ്റെടുത്തത്.
സ്പാനിഷ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും 9-ാം മിനിറ്റിൽ ഫ്രാൻസ് മുന്നിൽ. കോലോ മുവാനിയാണ് ഫ്രാൻസിനായി വലകുലുക്കിയത്. വഴിയൊരുക്കിയത് കിലിയൻ എംബാപ്പെ. യൂറോയിൽ പെനാൽറ്റിയിലൂടെയല്ലാതെ ഫ്രാൻസിനായി ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും കോലോ മുവാനി സ്വന്തമാക്കി. എന്നാൽ സമനിലയും ലീഡും നേടാൻ സ്‌പെയിനിന് അധിക സമയം വേണ്ടി വന്നില്ല. 21-ാം മിനിറ്റിൽ മുന്നിൽ നിറയെ ഫ്രഞ്ച് താരങ്ങൾ നിൽക്കെ ലമിൻ യമാലിന്റെ ഇടതുവിംഗിൽ നിന്നുള്ള അപ്രതീക്ഷിത ഷോട്ട് വലകുലുക്കി. യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും യമാലിന് സ്വന്തമായി. 25-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ ഗോളിലൂടെ സ്‌പെയിൻ മുന്നിൽ.
രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾ അഴിച്ചുവിട്ടു. വിംഗുകളിലൂടെ നീക്കങ്ങൾക്ക് വേഗം നൽകി ഡെംബലെ-എംബാപ്പെ കൂട്ടുകെട്ടും എതിരാളികളെ വിറപ്പിച്ചു. ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയപ്പോൾ സ്‌പെയിൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 86-ാം മിനിറ്റിലെ എംബാപ്പെയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. ബെർലിനിലെ ഫൈനലിൽ സ്‌പെയിനിന്റെ എതിരാളികൾ ഇംഗ്ലണ്ടോ നെതർലൻഡ്‌സൊ എന്ന് ഇന്ന് രാത്രിഅറിയാം.















