ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാട്ടാന വീണു. ഷട്ടറിൽ നിന്ന് നൂറ് മീറ്ററോളം അകലെയുള്ള ഗ്രില്ലിലാണ് ആന തങ്ങി നിന്നത്. സംഭവസമയം സെക്കൻഡിൽ 1,200 ഘനഅടിയോളം വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി വിട്ടിരുന്നു. ഇതിനിടയിലാണ് കാട്ടാന അകപ്പെട്ടത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആന കുടുങ്ങി കിടക്കുന്ന വിവരം തമിഴ്‌നാടിനെ അറിയിക്കുകയായിരുന്നു. ഇതുപ്രകാരം ഷട്ടർ അടയ്‌ക്കുകയും ആനയെ കരയ്‌ക്കു കയറ്റാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
ഒഴുക്ക് നിലച്ചതോടെ ആന കരയിലേക്ക് നീന്തി കയറി. വെള്ളം കുടിക്കാനായി കനാലിലേക്ക് ഇറങ്ങിയ സമയത്ത് തുറന്നുവിട്ട വെള്ളത്തിന്റെ ശക്തിയായ ഒഴുക്ക് കാരണം വെള്ളത്തിൽ കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.