രാജ്യത്തെ ഏറ്റവും വലിയ അത്യാഡംബര വിവാഹത്തിനാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. മാസങ്ങൾ നീണ്ടു നിന്നിരുന്ന ആഘോഷ പരിപാടികളായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ച് നടന്നിരുന്നത്. ജൂലൈ 12ന് മുംബൈ നഗരത്തെ സാക്ഷിയാക്കി അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും സിനിമ, വ്യവസായ മേഖലകളിൽ നിന്ന് നിരവധി പേരാണ് മുംബൈയിലേക്ക് എത്തുന്നത്. ഇതിനാൽ തന്നെ മുംബൈയിലെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളുടെയും ബുക്കിംഗും റൂം റേറ്റും കുത്തനെ ഉയർന്നിരിക്കുകയാണ്.
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹം നടക്കുന്നത്. ഇതിന് സമീപമുള്ള പ്രമുഖ ഹോട്ടലുകളിലെ മുറികളെല്ലാം സോൾഡ് ഔട്ട് എന്നാണ് ഹോട്ടൽ ബുക്കിംഗ് വെബ്‌സൈറ്റുകളിൽ കാണിക്കുന്നത്. ജൂലൈ 13 വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വിവാഹം നടക്കുന്നതിന് സമീപമുള്ള ഒരു ഹോട്ടലിൽ 14-ാം തീയതിയിൽ റൂമുകൾ ഒഴിവുണ്ട്. എന്നാൽ ഒരു രാത്രിക്ക് 13,000 രൂപയായിരുന്ന റൂമിന്റെ നിരക്ക് ഒറ്റയടിക്ക് 91,350 രൂപയായി ഉയർന്നു. ഇതിന് പുറമെ പല ഹോട്ടലുകളിലും നികുതിക്ക് പുറമെ ഈടാക്കുന്ന ചാർജുകൾ ഉയർത്തിട്ടുണ്ട്.
ജൂലൈ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ മുംബൈയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ബുക്കിംഗ് ക്ലോസ്ഡ് എന്നാണ് കാണിക്കുന്നത്. വെബ് സൈറ്റുകളിൽ ‘സോറി’ എന്ന സന്ദേശമാണ് 10, 11 തീയതികളിൽ റൂം ബുക്കിംഗ് നടത്താൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്നത്. ഗ്രാന്റ് ഹയാത്ത്, താജ് സാന്താക്രൂസ്, താജ് ബാന്ദ്ര തുടങ്ങിയ ഹോട്ടലുകളിൽ 10, 11 തീയതികളിൽ റൂമുകൾ ലഭ്യമാണ്. വിവാഹത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും മുംബൈയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.















