മധുരൈ : കമൽഹാസൻ നായകനായി എത്തുന്ന ചിത്രം ‘ഇന്ത്യൻ 2’ ന്റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരൈ ജില്ലാ കോടതിയിൽ കേസ് . മധുരയിലെ എച്ച്എംഎസ് കോളനിയിലെ മർമ്മവിദ്യ , ആയോധന കല, ഗവേഷണ അക്കാദമിയിലെ പ്രധാന അധ്യാപകൻ ആസൻ രാജേന്ദ്രനാണ് ചിത്രത്തിനെതിരെ ഹർജി നൽകിയത്.
‘ഇന്ത്യൻ’ സിനിമയുടെ ആദ്യഭാഗം നിർമ്മിക്കുന്ന സമയത്ത് കമൽഹാസൻ മർമ്മവിദ്യ ടെക്നിക്കുകൾക്കായി തന്നോട് കൂടിയാലോചിച്ചെന്നും താൻ പറഞ്ഞത് ചിത്രത്തിനായി സ്വീകരിച്ചുവെന്നും രാജേന്ദ്രൻ പറയുന്നു.
എന്നാൽ, ‘ഇന്ത്യൻ 2’ ൽ തന്റെ അനുമതിയില്ലാതെ ഈ മർമ്മ വിദ്യകൾ പ്രയോഗിക്കുന്നുവെന്നും, തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം രാജേന്ദ്രന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാൻ ‘ഇന്ത്യൻ 2’ അണിയറ പ്രവർത്തകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് വാദം കേൾക്കുന്നത് ജൂലൈ 11ലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.
വീരശേഖരൻ സേനാപതിയായി കമൽ അഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’.2020ലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് ‘ഇന്ത്യൻ 2’ന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ഇന്ത്യൻ 2’ ജൂലൈ 12 ന് റിലീസ് ചെയ്യും.















