സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് റിഡ്ലി സ്കോട്ടിന്റെ സംവിധാനത്തിൽ 2000 ൽ പുറത്തിറങ്ങിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗമായ ഗ്ലാഡിയേറ്റർ 2 . ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലമാണ് ഗ്ലാഡിയേറ്റര്‍ 2 ന്റെ കഥാപശ്ചാത്തലം. റോമിന്റെ മുൻ ചക്രവർത്തി മാർക്കസ് ഔറേലിയസിന്റെ ചെറുമകനും ലൂസില്ലയുടെ മകനുമായ ലൂഷ്യസ് കുടുംബത്തോടൊപ്പം നുമിഡിയയിൽ താമസിക്കുന്നു. ഇവരെ ജനറൽ മാർക്കസ് അക്കാസിയസിന്റെ നേതൃത്വത്തിലുള്ള റോമൻ പടയാളികൾ ആക്രമിക്കുകയും ലൂഷ്യസിനെ അടിമത്തത്തിലേക്ക് നിർബന്ധിക്കുകയും ചെയ്യുന്നു. മാക്സിമസിന്‍റെ ജീവിതകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലൂഷ്യസ് ഒരു ഗ്ലാഡിയേറ്ററായി പോരാടാൻ തീരുമാനിക്കുന്നതാണ് കഥ.
പോള്‍ മെസ്കലാണ് ചിത്രത്തിൽ ലൂഷ്യസ് വെറുസ് ആയി വേഷമിടുന്നത്. പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ മത്തിസൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നവംബര്‍ 22 ന് ചിത്രം തിയറ്ററുകളിലെത്തുക. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. ഓസ്കറില്‍ 12 നോമിനേഷനുകള്‍ നേടിയ ചിത്രം മികച്ച ചിത്രവും മികച്ച നടനുമടക്കം അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 24 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ ആദ്യ ഭാഗത്തെപ്പോലെ ജനപ്രീതി നേടുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.















