ലണ്ടൻ : ഇന്ത്യൻ വംശജയായ യുകെ എംപി ശിവാനി രാജ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയിൽ തൊട്ട് . ലെസ്റ്റർ ഈസ്റ്റിൽനിന്നുള്ള കൺസർവേറ്റീവ് എംപിയാണ് ശിവാനി . ഗുജറാത്തി പശ്ചാത്തലത്തിൽ നിന്നും വരുന്ന ബിസിനസ്സുകാരിയാണ് ശിവാനി രാജ.
ലേബറിൽ നിന്നുള്ള ഇന്ത്യൻ വംശജനായ രാജേഷ് അഗർവാളിനെതിരെയാണ് ശിവാനി മത്സരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം, “ഇന്ന് ലെസ്റ്റർ ഈസ്റ്റിനെ പ്രതിനിധീകരിച്ച് പാർലമെൻ്റിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഹിസ് മജസ്റ്റി ചാൾസ് രാജാവിനോട് കൂറ് പുലർത്തുന്നതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. “ എന്ന് ശിവാനി ട്വിറ്ററിൽ കുറിച്ചു.
37 വർഷത്തെ ലേബർ പാർട്ടി ആധിപത്യം തകർത്താണ് ശിവാനി ലെസ്റ്റർ ഈസ്റ്റിൽ വിജയിച്ചത്. 2022ലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റർ . കൺസർവേറ്റീവ് എംപിയായ ബോബ് ബ്ലാക്ക്മാനും ബൈബിളിലും ഭഗവദ് ഗീതയിലും തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.