തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് സാൻ ഫെർണാണ്ടോ. കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തീരത്തെത്തിയ ആദ്യ ചരക്കുകപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണം ഒരുക്കിയത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ.
ചെണ്ടമേളവും വാദ്യാഘോഷങ്ങളും ഒരുക്കിയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലിനെ സ്വീകരിച്ചത്. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ടാഗ് ബോട്ടുകളിൽ പോയിരുന്നു. രാവിലെ 7:15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. തുടർന്ന് വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
വെള്ളിയാഴ്ച (നാളെ) നടക്കുന്ന സ്വീകരണ ചടങ്ങിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും ചേർന്നുള്ള സ്വീകരണ ചടങ്ങാണ് നാളെ നടക്കുന്നത്. 1,500 മുതൽ 2,000 വരെയുള്ള കണ്ടെയ്‌നറുകളായിരിക്കും ചരക്ക് കപ്പലിലുണ്ടാവുക. ബെർത്തിങ് നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബെർത്തിങ് നടന്നതിന് ശേഷം ചരക്കിറക്കൽ ജോലികളും ആരംഭിക്കും. വിഴിഞ്ഞം തീരത്ത് സാൻ ഫെർണാണ്ടോ ഉടൻ നങ്കൂരമിടുമെന്നും അധികൃതർ അറിയിച്ചു.