എറണാകുളം: പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകൻ രോഹിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരവും പോക്‌സോ, ഐടി വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല എഫ്ബി പേജിൽ പങ്കുവെച്ച കേസിലാണ് കാലടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിയുടെ സഹോദരിയുടെ ചിത്രമാണ് ഇയാൾ പങ്കുവെച്ചത്. മറ്റൊരു കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 9 വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇതേതുടർന്ന് ഇയാളുടെ രണ്ട് മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രോഹിത്ത് പഠിച്ചിരുന്ന കാലടി ശ്രീശങ്കര കോളേജിലെ ഇരുപതോളം വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ അശ്ലീലഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നത്.
കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ രോഹിത്തെടുത്തത്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രതി അശ്ലീല എഫ്ബി ഗ്രൂപ്പുകളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത്.















