ബാഗ്ദാദ്: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്ന അബു ബക്കർ അൽ-ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഭീകരവാദ സംഘടനയുമായുള്ള ബന്ധവും യസീദി സ്ത്രീകളെ തടങ്കലിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള കേസുകളും പരിഗണിച്ച ഇറാഖ് കോടതി ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇവരുടെ പേര് കോടതി പുറത്തുവിട്ടിട്ടില്ല.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ് കുറ്റകൃത്യങ്ങളാണ് ബാഗ്ദാദിയുടെ ഭാര്യ ചെയ്തിരിക്കുന്നതെന്ന് കോടതി കണ്ടെത്തി. യസീദി ജനയ്‌ക്കെതിരായുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയും വടക്കൻ ഇറാഖിലെ സിൻജാറിൽ ഐഎസ് ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലിൽ പാർപ്പിക്കാൻ ബാഗ്ദാദിയുടെ ഭാര്യ കൂട്ടുനിന്നതായും പ്രൊസിക്യൂഷൻ വാദിച്ചു.
ബഹുഭാര്യത്വമുള്ള ബാഗ്ദാദിയുടെ ആദ്യ ഭാര്യ അസ്മ മുഹമ്മദാണെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് വർഷം മുൻപ് വടക്കൻ സിറിയയിൽ യുഎസ് സ്പെഷ്യൽ ഫോഴ്‌സ് നടത്തിയ ഓപ്പറേഷനിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. 2019ൽ ഇയാളുടെ മറ്റൊരു ഭാര്യയെയും ചില കുടുംബാംഗങ്ങളെയും പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.















