ലോകം 100 കോടി ജനസംഖ്യയിൽ എത്താൻ ആയിരക്കണക്കിന് വർഷങ്ങളെടുത്തു. എന്നാൽ അടുത്ത 200 വർഷങ്ങളിൽ ജനസംഖ്യ 7 മടങ്ങായി വർദ്ധിച്ചു. 2011ൽ ആഗോള ജനസംഖ്യ 700 കോടിയായിരുന്നു. 2050ഓടെ ഈ കണക്ക് 970 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അമിത ജനസംഖ്യ സാമ്പത്തിക വളർച്ചയെയും തൊഴിലവസരങ്ങളെയും ബാധിക്കുന്നു, അതിനാൽ ലോകത്തിലെ പല രാജ്യങ്ങളും അവരുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യ തടയാൻ ശ്രമിക്കുന്നു. എന്നാൽ ഇതിനിടയിൽ, ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ശ്രമിക്കുന്ന ചില രാജ്യങ്ങളുണ്ട്.
ലോകത്തിലെ ഏറ്റവും വലുതും വികസിതവുമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ജപ്പാൻ. എന്നാൽ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ജനസംഖ്യ കൂടുന്നതിന് പകരം കുറയുകയാണ്. 2017ൽ ജപ്പാനിലെ ജനസംഖ്യ 12.80 കോടിയായിരുന്നു. 2021ൽ ഇത് 12.57 കോടിയായി. വളർച്ചാ നിരക്ക് ഇതുപോലെ താഴുന്നത് തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജപ്പാന്റെ ജനസംഖ്യ പകുതിയായി കുറയുമെന്ന ആശങ്കയിലാണ് ജപ്പാൻ സർക്കാർ.
ജനസംഖ്യ രാജ്യത്തിന്റെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. തൊഴിൽ ശക്തി ഇല്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ ബാധിക്കും. അതിനാൽ, ജനസംഖ്യാ വർദ്ധനവിനായി പ്രതിവർഷം ഏകദേശം 3.5 ട്രില്യൺ യെൻ (ഏകദേശം 25 ബില്യൺ ഡോളർ) ചെലവഴിക്കാൻ ജാപ്പനീസ് സർക്കാർ തീരുമാനിച്ചു.
ജപ്പാനെപ്പോലെ, റഷ്യയിലും ജനസംഖ്യ കുറയുന്നത് ഒരു വലിയ പ്രശ്നമാണ്. 2046 ആകുമ്പോഴേക്കും ജനസംഖ്യ 146 ദശലക്ഷത്തിൽ നിന്ന് 130 ദശലക്ഷമായി കുറയുമെന്ന് റഷ്യയുടെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി റോസ്സ്റ്റാറ്റ് കണക്കാക്കുന്നു. ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള 8-17 വയസ് പ്രായമുള്ള കുട്ടികൾക്ക് ഭരണകൂടം പ്രതിമാസ ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങി. ഒരു കുട്ടിക്ക് ശരാശരി പ്രതിമാസ ആനുകൂല്യം 6,000 മുതൽ 12,000 വരെ റൂബിൾസ് (11000) ആയിരിക്കും.
ജനസംഖ്യ കുറയുന്നതിനെ നേരിടാൻ റഷ്യയിൽ ഒരു ദേശീയ ദിനവും സ്ഥാപിച്ചു. ഇതിനെ ഗർഭധാരണ ദിനം എന്ന് വിളിക്കുന്നു. സെപ്റ്റംബർ 12 നാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം, ദമ്പതികൾക്ക് ജോലിയിൽ നിന്ന് അവധി നൽകുന്നു . ഈദിവസം ഗർഭം ധരിക്കുന്നവർക്ക് കാറോ പണമോ ഫ്രിഡ്ജോ സമ്മാനമായി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ഇറ്റലിയും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട് . പദ്ധതി പ്രകാരം, രക്ഷാകർതൃ അവധിയുടെ രണ്ടാം മാസത്തെ ശമ്പളം 80% ആയി ഉയർത്തി. രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ കുട്ടികളുടെ പഠനവും മറ്റു ചിലവുകളും സർക്കാർ വഹിക്കും.കുട്ടികൾ ഇല്ലാത്ത ദമ്പതികൾ 20 ശതമാനം കൂടുതൽ നികുതിയും നൽകണം.
ഒരു കാലത്ത്, ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി റൊമാനിയയിൽ നിരവധി കർശന നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം കുട്ടി ഇല്ലെങ്കിൽ, ഓരോ പങ്കാളിയും കൂടുതൽ നികുതി നൽകണം.















