തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. വിദ്യാർഥികൾ പുറത്തുപോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാദിച്ചു. സാമൂഹ്യ പ്രശ്നത്തെ മന്ത്രി ലാഘവത്തോടെ കൈകാര്യം ചെയ്യുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. പുതുതലമുറ ആഗ്രഹിക്കുന്ന സാഹചര്യം കേരളത്തിൽ കൊടുക്കാനാകുന്നില്ലെന്ന് മാത്യു കുഴൽനാടനും പറഞ്ഞു.
മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ സർവകലാശാലയിലേക്ക് പോകുന്നതായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. കേരളത്തിലെ സർവകലാശാലകളിൽ വി.സിമാർ ഇല്ലാത്ത അവസ്ഥയാണ്. കുടിയേറ്റ വിഷയത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്നും കേരളത്തിന്റെ സമ്പത്ത് വിദേശത്തേക്ക് ഒഴുകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
നോർക്കയുടെ കുടിയേറ്റ സർവ്വേയിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് പോയാൽ മതിയെന്നാണ് യുവതലമുറ വിശ്വസിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു പ്രതിപക്ഷാരോപണങ്ങൾക്ക് മന്ത്രി നൽകിയ മറുപടി. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി ലണ്ടനിലാണ് ഉപരിപഠനത്തിന് പോയത്. നെഹ്രുവും അംബേദ്കറും ഉൾപ്പെടെയുള്ളവർ വിദേശത്ത് പഠിച്ചവരാണ്. രാഹുൽ പോലും വിദേശത്താണ് പഠിച്ചത്. മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈജിപ്തിലെ കെയ്റോ സർവ്വകലാശാലയിൽ പഠിച്ച വ്യക്തിയായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഊർജ്ജിത പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി ബിന്ദു മറുപടി നൽകി.