തിരുവനന്തപുരം: മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് CAG റിപ്പോർട്ട്. വനേതരഭൂമി വേർതിരിക്കുന്നതിലും, ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയമെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിനിവേശ സസ്യങ്ങൾ നശിപ്പിച്ചില്ല, മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ഉൾക്കാട്ടിൽ ഉറപ്പാക്കിയില്ല തുടങ്ങിയ കാര്യങ്ങളും സിഎജി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ കാര്യമായ സർക്കാർ നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന വിമർശനമാണ് റിപ്പോർട്ടിലുള്ളത്. വയനാട്ടിൽ വനഭൂമി കുറഞ്ഞു. 1811.35 ചതുരശ്ര കി.മി വനഭൂമി 863.86 ചതുരശ്ര കി.മി ആയി കുറഞ്ഞു. 949.49 ചതുരശ്ര കി.മി വനവിസ്തൃതി ആണ് കുറഞ്ഞത്. മനുഷ്യന്റെ കടന്നുകയറ്റം കാരണമാണ് വന്യ മൃഗശല്യം രൂക്ഷമായതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 2017 മുതൽ 2021 വരെ 29,798 കേസുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്കിരയായ 445 പേരുടെ ജീവൻ നഷ്ടമായി. വയനാട്ടിൽ മാത്രം 6,161 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് മുഴുവൻ കേസുകളിലെ 12 .48 ശതമാനം കേസുകളും വയനാട്ടിൽ നിന്നാണ്.















