പട്ന: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ കേസിലെ മുഖ്യസൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്നയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പട്ന സ്വദേശി രാകേഷ് രഞ്ജനാണ് അറസ്റ്റിലായത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ന, കൊൽക്കത്ത ഉൾപ്പെടെ നാലിടങ്ങളിൽ സിബിഐ പരിശോധന നടത്തി. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ഐപി അഡ്രസും ഇമെയിലും കണ്ടെത്തുന്നതിന് വളരെ പ്രയാസപ്പെട്ടുവെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പട്നയിൽ നിന്ന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 27-നാണ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേസിലെ ഏഴാം പ്രതിയെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.