ആലപ്പുഴ: മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിൽ നിന്നും പിന്മാറി സഞ്ജു ടെക്കി. നിയമലംഘനം നടത്തിയ സഞ്ജു വിദ്യാർത്ഥികളുടെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നതിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് പിന്മാറിയത്. ഇനിയും ഒരു വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ച ശേഷമാണ് ഇയാൾ പരിപാടിയിൽ നിന്നും പിന്മാറിയത്.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥികളുടെ പരിപാടിയിൽ സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. നോട്ടീസിൽ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നാണ് സഞ്ജുവിന് നൽകിയിരുന്ന വിശേഷണം. സ്കൂളിലെ മാഗസിൻ പ്രദർശന പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ്.
നോട്ടീസ് പുറത്ത് വന്നതോടെ വലിയ രീതിയിലെ വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് പിന്മാറുന്ന എന്ന വിവരം അറിയിച്ചത്. മെയ് മാസത്തിലായിരുന്നു കാറിൽ ആവേശം സിനിമാ മോഡലിൽ സഞ്ജു സ്വിമ്മിംഗ് പൂൾ നിർമിച്ച് വീഡിയോ എടുത്തത്. ഇതിനെ തുടർന്ന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ടാറ്റ സഫാരി കാറിലാണ് സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടി സ്വീകരിച്ചത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിഡി കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.















