ന്യൂഡൽഹി: 24,000 കോടി രൂപയുടെ നിക്ഷേപക ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊൽക്കത്ത ആസ്ഥാനമായ സഹകരണ സംഘത്തിലും സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3 കോടി രൂപ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലെ ഹമാരാ ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ അക്കൗണ്ട് ബുക്കുകൾ, ഹമാരാ ഇന്ത്യയുടെ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്നും സംശയാസ്പദമായ രേഖകളും 2.98 കോടി രൂപയും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസി വ്യക്തമാക്കി.
ഹമാരാ ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, സഹാറ ഇന്ത്യ ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഒഡിഷ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ പൊലീസ് എഫ്ഐആറുകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണത്തിന്റെ തുടക്കം. ഏകദേശം ഒരുകോടി നിക്ഷേപകരിൽ നിന്നും 24,000 കോടി രൂപ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സഹകരണ സ്ഥാപങ്ങൾ സമാഹരിച്ചു. കാലാവധി കഴിഞ്ഞിട്ടും ഈ തുക തിരികെ നൽകിയില്ല. ഫണ്ടുകൾ സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതായി ഇഡി വ്യക്തമാക്കുന്നു.















