പാട്‌ന: ബിഹാറിലെ ആദ്യ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടറായി ചരിത്രം കുറിച്ചിരിക്കുകയാണ് മാൻവി മധു കശ്യപ്. ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ എസ് ഐ പരീക്ഷയ്‌ക്ക് പരിശീലനം നൽകാൻ കോച്ചിംഗ് സെന്ററുകൾ പോലും വിമുഖത പ്രകടിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കഠിനാധ്വാനത്തിലൂടെ മാൻവി ഈ നേട്ടം സ്വന്തമാക്കിയത്.
ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും വന്ന തനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മാൻവി പറയുന്നു. ഒപ്പം നിന്ന ഓരോ വ്യക്തിയോടും നന്ദിപറയുന്നുവെന്നും മാൻവി കൂട്ടിച്ചേർത്തു. തന്റെ യാത്രകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പൊലീസ് യൂണിഫോമിൽ സ്വന്തം ഗ്രാമം സന്ദർശിക്കണം. കഠിനാധ്വാനവും സമർപ്പണവും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. മാൻവി ഇത് പറയുമ്പോൾ ആ മുഖത്ത് വിടരുന്നത് തികഞ്ഞ ആത്മവിശ്വാസം.
ബിഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൊസ്താനസഫർ എന്ന എൻജിഒയുടെ സ്ഥാപക സെക്രട്ടറി രേഷ്മ പ്രസാദും റഹ്‌മാൻ സാറുമാണ് തന്റെ സ്വപ്‌നങ്ങൾ വീണ്ടും നെയ്തുകൂട്ടി തന്നതെന്ന് മാൻവി പറയുന്നു. മാൻവിയുടെ വിജയം ട്രാൻസ്ജെൻഡർ സമൂഹത്തിന് മുഴുവൻ ആഘോഷത്തിനുളള അവസരമാണെന്ന് രേഷ്മ പറഞ്ഞു.
തന്റെ വിജയത്തിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് മാൻവി പറയുന്നു. ട്രാൻസ് വുമൺ എന്ന ഐഡന്റിറ്റി കാരണം നിരവധി തടസങ്ങളും വിവേചനങ്ങളും നേരിട്ടു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’. അവസരം ലഭിച്ചാൽ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സമൂഹത്തിന് വേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാനാകുമെന്നും മാൻവി കൂട്ടിച്ചേർത്തു.















